കോഴിക്കോട്: 1952ല്‍ ഇന്ത്യയില്‍ വംശനാശം സംഭവിച്ച ചീറ്റകളെ വീണ്ടും രാജ്യത്ത് എത്തിക്കുന്നതിനായി 2022 സെപ്റ്റംബറില്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ‘പ്രോജക്ട് ചീറ്റ’യ്ക്കു വേണ്ടി ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ ചെലവഴിച്ചത് 138.08 കോടി രൂപ. നിലവില്‍ ഇന്ത്യയിലാകെ 30 ചീറ്റപ്പുലികളാണുള്ളത്. ഇതില്‍ 27 എണ്ണം മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലും മൂന്നെണ്ണം ഗാന്ധിസാഗര്‍ വന്യജീവി സങ്കേതത്തിലുമാണുള്ളത്. ഇത്രയും ചീറ്റപ്പുലികള്‍ക്കു വേണ്ടിയാണ് 100 കോടിയിലധികം രൂപ ചെലവഴിച്ചത്.
2022 സെപ്റ്റംബറില്‍ നമീബിയയില്‍നിന്ന് എട്ടു ചീറ്റകളെയും 2023 ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കയില്‍നിന്ന് 12 ചീറ്റകളെയും ഇന്ത്യയില്‍ എത്തിച്ചിരുന്നു. പ്രോജക്ട് ടൈഗര്‍, നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അഥോറിറ്റി നല്കുന്ന ഗ്രാന്റുകള്‍, കോംപന്‍സേറ്ററി അഫോറസ്റ്റേഷന് ഫണ്ട് മാനേജ്മെന്റ് ആൻഡ് പ്ലാനിംഗ് അഥോറിറ്റി (ക്യാമ്പ്) ഫണ്ട്, വിവിധ സ്ഥാപനങ്ങളുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി ഫണ്ടുകള്‍ എന്നിവ മുഖേനെയാണു സര്‍ക്കാര്‍ ചീറ്റകളുടെ പരിപാലനത്തിനായി കോടികള്‍ സമാഹരിച്ചത്.
ചീറ്റകളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി മധ്യപ്രദേശിലെ വനമേഖലകളില്‍ വിപുലമായ സംവിധാനങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പ്രായപൂര്‍ത്തിയായ ചീറ്റകളുടെ അതിജീവന നിരക്ക് 55 ശതമാനമാണ്. എന്നാല്‍ ചീറ്റക്കുഞ്ഞുങ്ങളുടെ അതിജീവനനിരക്ക് 61.3 ശതമാനമാണ്.
വിദേശങ്ങളില്‍ നിന്നെത്തിച്ച ചീറ്റകളെ ആദ്യം ക്വാറന്റൈനില്‍ പാര്‍പ്പിച്ചു. പിന്നീട് പാര്‍ക്കിനുള്ളിലെ വലിയ ചുറ്റുമതിലുകള്ക്കുള്ളിലേക്കു തുറന്നുവിട്ടു. ചീറ്റകളുടെ ചലനങ്ങളും ആരോഗ്യവും നിരീക്ഷിക്കാന്‍ റേഡിയോ കോളറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ചീറ്റകളുടെ ഗര്‍ഭകാല നിരീക്ഷണം അടക്കമുള്ള കാര്യങ്ങള്‍ക്കായി പ്രത്യേക ഉദ്യോഗസ്ഥരടക്കമുള്ള സംവിധാനങ്ങളാണ് കോടികള്‍ മുടക്കി കേന്ദ്രം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ചീറ്റകളുടെ ആരോഗ്യവും വയറിന്റെ വലിപ്പവും നിരീക്ഷിച്ച് ഗര്‍ഭധാരണം സ്ഥിരീകരിച്ചാല്‍ മതിയായ പോഷകാഹാരവും മാനസിക സമ്മര്‍ദമില്ലാത്ത അന്തരീക്ഷവും ഉറപ്പാക്കും. അമ്മ ചീറ്റക്കുഞ്ഞുങ്ങളെ അവഗണിക്കുകയോ മറ്റ് ആണ് ചീറ്റകളില്നിന്നു ഭീഷണിയുണ്ടാവുകയോ ചെയ്താല്‍ ഉദ്യോഗസ്ഥര്‍ ഇടപെടും. കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ പ്രതിരോധ കുത്തിവയ്പുകളും സപ്ലിമെന്റുകളും നല്‍കും. അണുബാധ ഒഴിവാക്കാന്‍ പരിസരം വൃത്തിയായി സൂക്ഷിക്കും.
മനുഷ്യസഹായം നല്‍കുന്നതിനൊപ്പം തന്നെ കുഞ്ഞുങ്ങളുടെ സ്വാഭാവികമായ വാസനകള്‍ നഷ്ടപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തും. ആഫ്രിക്കയിലെ സാഹചര്യങ്ങളില്‍നിന്നു വ്യത്യസ്തമായ ഇന്ത്യയിലെ കാലാവസ്ഥയും ഭൂപ്രകൃതിയുമായി പൊരുത്തപ്പെടുന്നത് ചീറ്റകള്‍ക്കു സമ്മര്‍ദമുണ്ടാക്കുന്നുണ്ട്. ചീറ്റകള്‍ക്ക് അനുയോജ്യമായ കാലാവസ്ഥാ സംവിധാനങ്ങള്‍ ഒരുക്കാനും നല്ലൊരു തുക ചെലവഴിക്കുന്നുണ്ട്.